അടിമാലി: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പല കാര്യങ്ങളിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ കണ്ട് പഠിക്കണമെന്ന് ഇടുക്കി വിശാല ജില്ലാ കമ്മിറ്റിയിലെ പ്രതിനിധികള്‍. ലാളിത്യമില്ലാത്ത ശൈലിയാണ് ഇരുവരും പിന്തുടരുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും ഇത് അംഗീകരിക്കാനാകുന്നില്ല. പിന്നെ സാധാരണക്കാര്‍ എങ്ങനെ അംഗീകരിക്കും. ഇത് കമ്യൂണിസ്റ്റ് ശൈലിയല്ല.തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇതും കാരണമായെന്ന വിമര്‍ശനം സമ്മേളനത്തിലുയര്‍ന്നു.
ഡല്‍ഹിയിലടക്കം എം.എ. ബേബി നേതൃത്വം നല്കുന്ന സമരങ്ങള്‍ കണ്ടു പഠിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്വത്ത് സമ്പാദനത്തിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മകനും മരുമകനും അടങ്ങുന്നവര്‍ പാറപൊട്ടിച്ച് കടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും പ്രതികരിക്കാന്‍ സെക്രട്ടറി സി.വി. വര്‍ഗീസ് തയാറായില്ല. ഇത് ക്വാറി മാഫിയയ്ക്കൊപ്പം നിലകൊണ്ടെന്ന പ്രതീതി സമൂഹത്തിലുണ്ടാക്കി. നെടുങ്കണ്ടം, കട്ടപ്പന, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കൂടുതല്‍ വിമര്‍ശനമുയര്‍ത്തിയത്.
ഉടുമ്പന്‍ചോലയിലെ ഉറച്ച സീറ്റ് സംസ്ഥാന സമിതിയുടെയും കെ.കെ. ജയചന്ദ്രന്റെയും പിടിവാശി മൂലം നഷ്ടമായി. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു വിരുദ്ധമായി എം.എം. മണിയെ മാറ്റിയതും തിരിച്ചടിയായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗമായ ഒരാള്‍ക്കെതിരേയും രൂക്ഷവിമര്‍ശനമുണ്ടായി. ഇദ്ദേഹം അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നതായാണ് പ്രധാന ആരോപണം. മൂന്നാറിലടക്കം റിസോര്‍ട്ട് വാങ്ങിയതില്‍ അഴിമതി നടന്നതായും ആനച്ചാലില്‍ തോട് കൈയേറി ഹോട്ടല്‍ നിര്‍മിക്കുന്നതും വിമര്‍ശനത്തിന് ഇടയാക്കി.